Thursday, October 14, 2010

കോഴി ഹണ്ട്

രാത്രി 10 .15  നുള്ള ശബരി എക്സ്പ്രസ്സില്‍ കയറി കോട്ടയത്ത്  വന്നിറങ്ങിയതാണ് ഞാന്‍ . നാഗമ്പടം സ്റ്റാന്റ് റെയില്വേ സ്റ്റേഷ൯റെ അടുത്തായത് നന്നായി . പാലായ്ക്കുള്ള വണ്ടി ഒരെണ്ണം കിട്ടുകയും ചെയ്തു. വീട്ടില്‍ ചെന്നാല്‍ കിട്ടാന്‍ പോകുന്ന ചമ്മന്തി പൊടിയുടെയും ലൂബിക്ക അച്ചാറിന്റെയും രുചിയോ൪ത്ത് അങ്ങനെ ഇരിക്കുമ്പോളാണ് ഒരു വിളി. കുട്ടന്‍ പിള്ളേ '  !. കൂട്ടുകാര് ചാര്‍ത്തി തന്നിരിക്കുന്ന പേര് കുട്ടന്‍പിള്ള എന്നായതിനാലും ശബ്ദം സുപരിചിതമായതുകൊണ്ടും തിരിഞ്ഞു നോക്കികളയാം എന്ന് കരുതി നോക്കുമ്പോഴുണ്ട് പണ്ട് സഞ്ജയന് പറഞ്ഞതുപോലെ തന്നെക്കാള്‍ ദുറാവായി തന്നെക്കാള് അക്ലീമനായി തന്നെക്കാള്‍  ലൂട്ടീമസ്സായി ഒരു രൂപം, ബസ്സിന്റെ പിന് സീറ്റില്‍ ! പെട്ടെന്ന് തന്നെ ആളെ മനസ്സിലായി. അമ്പിളി എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്ന വേണു !. ആളൊന്നു മിനുങ്ങിയിട്ടുണ്ട്. ടൈയും കറുത്ത പാന്റ്സും കറുത്ത ഷര്ട്ടുമാണ് വേഷം. ഭാഗ്യം ! ടൈ മാത്രം കറുത്തതല്ല. എന്നെ കണ്ടമാത്രയില്‍ ഒറ്റച്ചാട്ടത്തിന് അവന്‍ എന്റെ അടുത്തുവന്നു. വെളുക്കനെ ഒന്ന് ചിരിച്ചു .
                             " ഹൈദരാബാദില് നിന്നുള്ള വരവായിരിക്കും അല്ലേ"
                             " അതെ . നീയാളാകെ മാറിപ്പോയല്ലോ." ഞാന്‍ പ്രതിവചിച്ചു
                            " എന്ത് പറയാനാ അളിയാ ജനിച്ചുപോയില്ലേ. ജീവിച്ചല്ലേ പറ്റൂ. കുമരകത്ത് ഒരു റിസോര്ട്ടില് ജോലിയുണ്ട്. ഹോട്ടല്‍ മാനേജ്മന്റ് കോഴ്സ് കഴിഞ്ഞയുടനെ ജോലി കിട്ടി."
                           " നിന്റെ അച്ഛനും അമ്മയും?" ഞാന്‍ സംശയാലുവായി
                           " അമ്മയും അച്ഛനും എന്റെ കൂടെയുണ്ട്. കോട്ടയത്ത് മുപ്പത് സെന്റ് സ്ഥലം വാങ്ങിച്ചു. അവിടെയൊരു വീട് വച്ച് അങ്ങോട്ട് സ്ഥലം മാറി. പെങ്ങടെ കല്യാണവും കഴിഞ്ഞു".
ഞാന്‍ ഒന്നതിശയിച്ചു. പൂതക്കുന്നു സ്കൂളിലെ നാലാം ക്ലാസ്സിലെ അവസാന ബഞ്ചില് തടികൊണ്ടുള്ള വശങ്ങളോടിഞ്ഞ ഒരു സ്ലേറ്റും കുറച്ചു മുറി പെന്സില്കളുമായി ഒറ്റക്കിരിക്കാറുള്ള അമ്പിളി ! ആകെക്കൂടി ഒരേയൊരു യൂണിഫോം ആണ് അവനുണ്ടായിരുന്നത്. കുഴല് പോലെ തയ്പിച്ച ഒരു വെള്ള ഷര്ട്ടും ഒരു പച്ച നിക്കറും. ആഴ്ചയിലോന്നെ അലക്കൂ.  അതവന്‍ അടുത്ത് വരുമ്പോള്‍ അറിയാം !. പിന്നീടാണ് അറിഞ്ഞത് അവന്റെ വീട്ടില്‍ കൊടിയ ദാരിദ്ര്യമാണ്. അവന്റെ അച്ഛനും അമ്മയും താമസാക്കാരുടെ പാറമടയിലെ കല്ല് പൊട്ടിക്കുന്ന തൊഴിലാളികളാണ്. അവന്റെ ഒരേയൊരു ചേച്ചി ആറാം ക്ലാസ്സോടെ പഠനം നിര്‍ത്തി അച്ഛന്റെയും അമ്മ്മയുടെയും കൂടെ കല്ല് പൊട്ടിക്കാന്‍  കൂടി. ഒരു നേരത്തെ ആഹാരം സര്ക്കാര് സ്കൂളില്‍ നിന്നും കിട്ടുന്നതുകൊണ്ടാണ് അവന്‍  പഠിക്കാന് വരുന്നത്. ഇത്രയൊക്കെ ആയിരുന്നുവെങ്കിലും അവന്‍ ആള് മഹാ തരികിട ആയിരുന്നു. ഒന്ന് പറഞ്ഞു രണ്ടാമത്തേതിനു തെറി , അടി , പിടി !. അവന്‍ ചീത്ത പറയുന്നത് കേള്‍ക്കാന്‍ ക്കാന് നല്ല  രസമുണ്ടായിരുന്നു. അതവന്റെ അച്ഛന് പഠിപ്പിച്ചു കൊടുത്തതാണെന്ന് എന്റെ " ഫ്രണ്ട് " ആയിരുന്ന  ദര്‍ശ പറഞ്ഞു. ഒരു ദിവസം അവള് എന്റെ അടുത്ത് വന്നു ചെവിയില് പറയുകയാണ് അമ്പിളിയുടെ അച്ഛന് കള്ളുകുടിയന്‍ ആണത്രേ ! കള്ളുകുടിയന്‍! അന്ന് കള്ളുകുടിയന്‍ , പിള്ളേരെ പിടുത്തക്കാര് എന്നിവര്‍ ഞങ്ങളുടെ പേടിസ്വപ്നങ്ങള്‍ ആയിരുന്നു. അച്ഛന്‍ കള്ളുകുടിയന് ആണെന്ന് അറിഞ്ഞതോടെ ആരും അവനെ കൂടെ കൂട്ടാതെയായി. സ്കൂള്‍ മുറ്റത്ത് സാറ്റ് കളിക്കുമ്പോഴും തുളസിയില്ക്കാരുടെ വീട്ടില് നിന്നും  " ഐസ് വെള്ളം " കുടിക്കാന്‍ പോകുമ്പോഴും ഞങ്ങള്‍ അവനെ കൂട്ടാതെയായി.
                       മലയാളം പഠിപ്പിക്കുന്ന പൊന്നമ്മ ടീച്ചര്‍ ആയിരുന്നു അവന്റെ ആജന്മ ശത്രു. ടീച്ചറുടെ കയ്യില്‍ നിന്നും അടി വാങ്ങാത്ത ദിവസങ്ങളില്ല. ഒരു ദിവസം കോപ്പിയടിച്ചു പിടിച്ചതിനു ടീച്ചര്‍ അവനെ പൊതിരെ തല്ലി. വേദനയും ദേഷ്യവും സഹിക്കവയ്യാതെ അവന്‍ ടീച്ചറുടെ കയ്യിലിരുന്ന വടി പിടിച്ചുവാങ്ങി ഒടിച്ചു കളഞ്ഞു. പോരെ പൂരം ! ടീച്ചര്‍ വേറെ ഒരു വടി കൊണ്ടുവന്നു അവനെ മതിയാവോളം തല്ലി.

                         അതുവരെ സ്കൂളില്‍ മാത്രം അവനുണ്ടായിരുന്ന തല്ലുകൊള്ളിയെന്ന സ്ഥാനപ്പേര് നാട്ടിലും പരസ്യമാകാന്‍ കാരണം മറ്റൊരു സംഭവമാണ്. ഉച്ചക്ക് ഉണ്ണാന്‍ ബെല്ല്ലടിക്കുന്നത് കേട്ടാല്‍ പാത്രവുമായി ഞങ്ങളോടും. ക്യൂവിനു മുന്‍പില്‍ സ്ഥാനം പിടിക്കാന്‍ . അമ്പിളി ആയിരുന്നു മുന്‍പില്‍ . നല്ല ചാക്കരി  ചോറ് പട പടശ്ശാന്നു വെന്തതും മുളക് ചേര്ക്കാത്ത പയറുമെഴുക്കോരട്ടിയും. ഊണ് കഴിഞ്ഞാല്‍ ഞങ്ങളുടെ അടുത്ത പരിപാടി മിച്ചം വരുന്ന പയര്‍ ഉരുട്ടിയെടുത്ത് മുറ്റത്ത് കൂടി നടക്കുന്ന കോഴികളെ എറിയലാണ്. ഒരു ദിവസം ലഡ്ഡു പോലെ ഉരുട്ടിയെടുത്ത പയര്‍ ഉണ്ട ചെന്നു കൊണ്ടത്  കൂട്ടത്തിലെ കേമനായിരുന്ന ഒരു പൂവന്‍ കോഴിയുടെ തലയില്‍ ! പിറകെ തുരു തുരാ പയര്‍ ഉണ്ടകള്‍ കോഴിത്തലയില്‍ വീഴാന്‍ തുടങ്ങി. കൂടെ കുറെ ഉരുളന്‍ കല്ലുകളും. അമ്പിളിയാണ് എറിഞ്ഞത്. പൂവന്‍ കോഴി ഒന്ന് പിടഞ്ഞു. പിന്നെ നിലത്തു വീണു കാലും ചിറകുമിട്ടടിക്കാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അത് ചത്തു.
                       നാല് മണിക്ക് സ്കൂള് വിടുന്നതിനു മുന്പ് ഓഫീസ് മുറിയില്‍ ഒരാള്‍കൂട്ടം . കോഴിയുടെ ഉടമ തോണിപ്പാറ വറീത് ചേട്ടന്‍ ചത്ത കോഴിയെ തല കീഴായി പിടിച്ചുകൊണ്ട് ഹെഡ്മാഷെ ചീത്ത പറയുകയാണ്. ! നല്ല അസല് നാടന് തെറി. ! ഒരു തരത്തില് വറീത് ചേട്ടനെ ആശ്വസിപ്പിച്ച് ഒരു കിലോ കോഴിയുടെ അന്നത്തെ വിലയായിരുന്ന നാല്പ്പത്  രൂപയും കൊടുത്ത് ഹെഡ് മാഷ് പറഞ്ഞയച്ചു. പ്രതി അമ്പിളിയാണെന്നു മനസ്സിലാക്കിയ ഹെഡ് മാഷ് അവനെ അടുത്ത് വിളിച്ചു ചന്തി നോക്കി നാല് പെട ! നാളെ അച്ഛനെ വിളിച്ചോണ്ടു വരാതെ ക്ലാസ്സില് കേറണ്ട എന്നൊരു താക്കീതും. എന്തായാലും പിന്നെ നാല് ദിവസത്തേക്ക് അവനെ സ്കൂളില് കണ്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്റെ അച്ഛന്‍ വന്നു ഹെഡ് മാഷുടെ കാലു പിടിച്ചതിനു ശേഷമാണ് അവന്‍ സ്കൂളില് കയറിയത് !
                                            "   നീയെന്താ ഓര്‍ക്കുന്നത് ? " അമ്പിളിയുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി .
ഞാന് ചോദിച്ചു , നീ ഓര്‍ക്കുന്നുണ്ടോ അന്നത്തെ കോഴി ഹണ്ട്?
അമ്പിളി ഒന്ന് ചിരിച്ചതേയുള്ളൂ. പക്ഷെ ചിരിക്കു ഒരുപാട് അര്‍ഥങ്ങള്‍   ഉണ്ടായിരുന്നു. വിധിയേയും ദാരിദ്ര്യത്തെയും തോല്പ്പിച്ചവന്റെ ചിരി !